Tuesday, February 17, 2009


വേനലിന്റെ കാറ്റുരസിയുരസി

വാകത്തലപ്പുകള്‍ക്ക്

തീ പിടിക്കുന്നു....

Monday, February 16, 2009


മുത്തശ്ശന്റെ കുടയില്‍ കയറി

മഴ,വീടിന്റെ അകത്തേക്കു വരും

കോണിച്ചോട്ടില്‍ ചാരിയിരുന്ന്

പഴയ പത്രങ്ങളൊക്കെ നനയ്ക്കും

തറയിലൂടെ പടര്‍ന്നു വരും

അമ്മായിയെ ഇടം കാലിടും

ഉമ്മറേത്തേക്കൊന്നെത്തിനോക്കും

ഉണ്ണിക്കു നനയാന്‍ കൂട്ടിരിക്കും

പഴന്തുണി കൊണ്ടമ്മ തുടച്ചെടുക്കും

തോരാത്ത കുട നിവര്‍ത്തിവച്ചുണക്കും

ഏതു വേനലിലേക്കാണ്

മുത്തശ്ശന്‍ കുടയെടുക്കാതിറങ്ങി നടന്നത്

പിന്നീടൊരു മഴയും കയറി വന്നില്ല

വീടിനകത്തേക്കിതുവരേയും......

Sunday, February 8, 2009

മരം ആദ്യം ഇലകള്‍ പൊഴിച്ചിട്ടു
പുഴയുടെ നനവറിയാന്‍
‍പിന്നീട് ചില്ലകള്‍ അടര്‍ത്തിയിട്ടു
ഒഴുക്കിന്റെ വേഗമറിയാന്‍
ഒടുവില്‍ കടപുഴകി വീണു
ആഴങ്ങളിലെ ഇരുട്ടറിയാന്‍
‍വൈകിയെത്തിയ കാറ്റ്
പുഴയുടെ മാറില്‍ ചെവി ചേര്‍ത്തു വച്ചു,
തന്റെ കൈകള്‍
താങ്ങി നിര്‍ത്തിയ കൂട്ടിലെ കിളിക്കുഞ്ഞ്
നീന്താന്‍ പഠിച്ചോ എന്തോ???

ഒരു മഴ നാണിച്ച്

ഇടവഴിയിലേക്കോടിപ്പോയി

മുളംകാടുക‍ള്‍ക്കിടയില്‍ നിന്നും

ഇറങ്ങി വന്ന

കാറ്റിന്റെ ചുണ്ടിൽ 

‍തുടച്ചു കളയാന്‍ മറന്നൊരു

നനവുണ്ടായിരുന്നു....