വേനലിന്റെ കാറ്റുരസിയുരസി
വാകത്തലപ്പുകള്‍ക്ക്
തീ പിടിക്കുന്നു....
മുത്തശ്ശന്റെ കുടയില്‍ കയറി
മഴ,വീടിന്റെ അകത്തേക്കു വരും
കോണിച്ചോട്ടില്‍ ചാരിയിരുന്ന്
പഴയ പത്രങ്ങളൊക്കെ നനയ്ക്കും
തറയിലൂടെ പടര്‍ന്നു വരും
അമ്മായിയെ ഇടം കാലിടും
ഉമ്മറേത്തേക്കൊന്നെത്തിനോക്കും
ഉണ്ണിക്കു നനയാന്‍ കൂട്ടിരിക്കും
പഴന്തുണി കൊണ്ടമ്മ തുടച്ചെടുക്കും
തോരാത്ത കുട നിവര്ത്തിവച്ചുണക്കും
ഏതു വേനലിലേക്കാണ്
മുത്തശ്ശന് കുടയെടുക്കാതിറങ്ങി നടന്നത്
പിന്നീടൊരു മഴയും കയറി വന്നില്ല
വീടിനകത്തേക്കിതുവരേയും......